Saturday, March 26, 2011

പ്ലാസ്റ്റിക് മാലിന്യവിമുക്ത കേരളത്തിനായി കൈ കോര്‍ക്കുക

ഫാ. ജോര്‍ജ്ജ് വയലില്‍ക്കളപ്പുര CMI
       ആധുനിക ലോകത്തിലെ 'മാലിന്യ ഭീകരന്‍' എന്നു വിളിക്കാവുന്ന പ്ലാസ്റ്റിക്കിനെക്കുറിച്ച് സംസാരിക്കുകയാണ്  ഫാ. ജോര്‍ജ്ജ് വയലില്‍ക്കളപ്പുര CMI. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ മുന്‍ അദ്ധ്യാപകനായ ജോര്‍ജ്ജച്ചന്‍  ഇപ്പോള്‍ ഇടമറ്റം KTJM ഹൈസ്കൂളില്‍ സേവനം അനുഷ്ഠിച്ചുവരികയാണ്.  'ക്ലിന്‍ ഇടമറ്റം' പ്രോജക്റ്റിലൂടെ , ഒരു ഗ്രാമത്തെത്തന്നെ  ശുചിത്വത്തിലേക്ക് നയിക്കുന്ന , KTJM ഹൈസ്കൂളിന്റെ അനുകരണീയവും പ്രശംസനീയവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇദ്ദേഹമാണ്. സ്കൂളിലെ എല്ലാ കുട്ടികളേയും നീന്തല്‍ പഠിപ്പിച്ച കേരളത്തിലെ ആദ്യ സ്കൂളായി KTJM ഹൈസ്കൂള്‍ മാറിയതിനു പിന്നിലും ജോര്‍ജ്ജച്ചന്റെ അക്ഷീണ പ്രയത്നമാണുള്ളത്. പ്ലാസ്റ്റിക്കിന്റെ വിവേകപൂര്‍ണമായ ഉപയോഗത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.

"പ്ലാസ്റ്റിക്കിന്റെ വിവേകപൂര്‍ണമായ ഉപയോഗം ഇന്നിന്റെയും നാളെയുടെയും നന്മയ്ക്കും മനുഷ്യന്റെയും പ്രകൃതിയുടെയും രക്ഷയ്ക്കും"
 
         കുറഞ്ഞ നിര്‍മ്മാണ ചെലവില്‍  ഏതു നിറത്തിലും രൂപത്തിലും ഉണ്ടാക്കുവാനുള്ള സൗകര്യം , കൈകാര്യം ചെയ്യാനുള്ള എളുപ്പം തുടങ്ങിയ കാര​ണങ്ങളാല്‍ പ്ലാസ്റ്റിക് ഇന്ന് ലോകമെമ്പാടും  ജീവിതത്തിന്റെ സമസ്ത മേഖലകളെയും കീഴടക്കിയിരിക്കുന്നു . ഉപയോഗം വളരെ വ്യാപകമായതോടെ പ്ലാസ്റ്റിക് മൂലമുള്ള ദുരന്തങ്ങള്‍ അതിലും വ്യാപകമായി. അതിനാല്‍ പ്ലാസ്റ്റിക് വസ്തുക്കള്‍  വളരെ വിവേകത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഭാവിതലമുറയുടേതെന്നല്ല , ഇന്നുള്ള നമ്മുടെയും പ്രകൃതിയുടെയും നാശത്തിനും അത് കാരണമാകും .                 

പ്ലാസ്റ്റിക് മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍

          ഇന്ന് നമ്മള്‍ പ്ലാസ്റ്റിക് കൂടുകളും കുപ്പികളും ഉപയോഗശേഷം വീടിന് പുറത്തേക്കും വഴിയിറമ്പുകളിലേക്കും നദികളിലേക്കും വനങ്ങളിലേക്കും വലിച്ചെറിയുന്നു. ഇങ്ങനെ ഏറിയപ്പെടുന്ന പ്ലാസ്റ്റിക്  സാധനങ്ങള്‍ മണ്ണില്‍ ലയിച്ചു ചേരുവാന്‍ വളരെ വര്‍ഷങ്ങള്‍   വേണ്ടി വരുന്നു. അതിനാല്‍

- നമ്മുടെ തന്നെ വളര്‍ത്തുമൃഗങ്ങളും വന്യ ജീവികളും ജലജീവികളും ഇവ തിന്ന് ചാകുന്നതിനിടവരുന്നു.
- നാടും നഗരവും ഭവനപരിസരങ്ങളും വിനോദ യാത്രാ കേന്ദ്രങ്ങളും വനങ്ങളും തോടുകളും നദികളും  കടലും മലിനമാകുന്നു . 
- വീടുകളിലെയും മറ്റും ജൈവമാലിന്യങ്ങള്‍ പ്ലാസ്റ്റിക് കൂടുകളിലാക്കി എറിയുന്നതിനാല്‍ അവ അഴുകി മണ്ണോടു മണ്ണാകാന്‍ കാലതാമസം നേരിടുന്നു. ഇത്  ദുര്‍ഗന്ധവ്യാപനത്തിനും പലവിധ  ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
- മലിനജലം പ്ലാസ്റ്റിക് സാധനങ്ങളില്‍ കെട്ടിക്കിടന്ന് കൊതുകുജന്യ രോഗങ്ങള്‍ പടരുവാന്‍ കാരണമാകുന്നു.
- പ്ലാസ്റ്റിക് സാധനങ്ങള്‍  തടഞ്ഞുനിന്ന് ഓടകളിലെ വെള്ളമൊഴുക്ക് തടസ്സപ്പെട്ട് റോഡുകളില്‍    വെള്ളക്കെട്ട് ഉണ്ടാകുന്നു.

- പ്ലാസ്റ്റിക് നിരന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ മഴവെള്ളം താഴാതെ ഭൂമി ദാഹിച്ചു മരിക്കുന്നു.
- ആവാസ വ്യവസ്ഥക്ക് കോട്ടം തട്ടുന്നു.

പ്ലാസ്റ്റിക് കത്തിച്ചാല്‍ പലതരം വിഷവാതങ്ങളുണ്ടാകുന്നു.
ഉദാ:
1.ഡയോക്സിന്‍ (ഇതിലും വീര്യം കൂടിയ മറ്റൊരു വിഷവാതകം ശാസ്ത്രലോകം ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല.
2.ഫ്യൂറാന്‍
3.കാര്‍ബണ്‍മോണോക്സൈഡ്
4.കാര്‍ബണ്‍ഡൈഓക്സൈഡ് (ആഗോള താപനത്തിന് കാരണമാകുന്നു.)
         
പ്ലാസ്റ്റിക് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍

       പ്ലാസ്റ്റിക് നിര്‍മ്മിക്കാനുപയോഗിക്കുന്ന അസംസ്കൃത സാധനങ്ങള്‍ വിഷപദാര്‍ത്ഥങ്ങളാണ്. പ്ലാസ്റ്റിക്  പാത്രങ്ങളില്‍ നിന്നും കൂടുകളില്‍ നിന്നും , പ്രത്യേകിച്ച് ചൂടുളളതോ എ​ണ്ണ​മയമുളളതോ ആയ ഭക്ഷണപദാര്‍ത്ഥങ്ങളിലേക്ക് , പ്ലാസ്റ്റിക്കിന്റെ ചെറുകണിക എളുപ്പം  ലയിച്ചു ചേരുന്നു. അതു കൊണ്ടാണ് പ്ലാസ്റ്റിക് പാത്രങ്ങളില്‍ സുക്ഷിക്കുന്ന ഭക്ഷണത്തിന്  പ്ലാസ്റ്റിക്കിന്റെ മണവും ചുവയും ഉണ്ടാകുന്നത്. ഇത്തരം ഭക്ഷണം കഴിക്കുന്നതിലുടെയും മുകളില്‍ പറഞ്ഞ വിഷവാതകങ്ങള്‍ ശ്വസിക്കുന്നതിലൂടെയും ക്യാന്‍സര്‍ , ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നു.
       ഹോര്‍മോണ്‍ തകരാറുണ്ടായി , ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളും , പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെയും സ്വഭാവം കാണിക്കുന്നതിനിടവരുന്നു.പെണ്‍കുട്ടികള്‍ വളരെ നേരത്തെ ശാരീരിക പക്വത കാണിക്കുന്നതിന് ഇടവരുന്നു.ആണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുന്നു.
       ഗര്‍ഭസ്ഥ ശിശുക്കളെപോലും വളരെ ദോഷകരമായി ബാധിക്കുന്നു.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

- യാതൊരു കാരണവശാലും പ്ലാസ്റ്റിക് കത്തിക്കുവാന്‍ പാടില്ല.
- പ്ലാസ്റ്റിക് ഭരണികളിലും കുപ്പികളിലും കൂടുകളിലും ഭക്ഷണം സൂക്ഷിക്കുന്നതും എടുക്കുന്നതും ഒഴിവാക്കുക.
- പരമ പ്രധാനമായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുക.

 പ്ലാസ്റ്റിക്കിന്റെ വിവേകപൂര്‍ണ്ണമായ ഉപയോഗം : 5 R-കള്‍

1. Refuse - നിരസിക്കുക
      കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ , പ്രത്യേകിച്ച് സ്വന്തം വാഹനങ്ങളില്‍ പോകുന്നവര്‍ , കടലാസ്സില്‍ മാത്രം പൊതിഞ്ഞു വാങ്ങുക.
2. Reduce - ഉപയോഗം കുറയ്ക്കുക
      ഒന്നിലധികം കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ , നേരത്തെ കിട്ടിയ കുടിനുള്ളില്‍ മറ്റ് കടകളില്‍ നിന്നും വാങ്ങുന്ന സാധനങ്ങളും   ഇടുക.
3. Reuse-വീണ്ടും ഉപയോഗിക്കുക
      കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ പോകുമ്പോള്‍ , നേരത്തെ കിട്ടിയ കടുമായി പോവുക.

4. Recover-ശേഖരിക്കുക
      അറിവില്ലാതെ ഇതിനകം പുറത്തെറിഞ്ഞുകളഞ്ഞ പ്ലാസ്റ്റിക് സാധനങ്ങള്‍  പെറുക്കിയെടുത്ത് കഴുകി വൃത്തിയാക്കി സൂക്ഷിക്കുക.
5. Recycle-പുനര്‍ചംക്രമണത്തിന് കൊടുക്കുക.
     പ്ലാസ്റ്റിക് സാധനങ്ങള്‍ വൃത്തിയാക്കി , വെയിലും മഴയും ഏല്‍ക്കാതെ സൂക്ഷിച്ചാല്‍  കച്ചവടക്കാര്‍ വാങ്ങും. (ഫോണ്‍: 9447231435)

 ഗുണമേന്മ അടയാളം
 
       ഗുണമേന്മയുള്ള  പ്ലാസ്റ്റിക് പാത്രങ്ങളുടെയും ഭരിണികളുടെയും  കുപ്പികളുടെയും അടിയില്‍ ത്രികോണത്തിനുള്ളില്‍ 1 മുതല്‍ 7 വരെ അടയാളപ്പെടുത്തിയിരിക്കും. അതില്‍ 4 , 5 , 7 നമ്പറുകളുള്ളവ മാത്രമാണ് വീണ്ടും ഉപയോഗിക്കാവുന്നത്.

   

Saturday, March 19, 2011

ഇതും ചില 'ആന' വിശേഷങ്ങള്‍

   "സ്കൂളില്‍  പോകാനായി  ബാഗെടുത്ത്  റോഡിലേയ്ക്കു  കയറിയതേയുള്ളു,  മുന്നില്‍  പാഞ്ഞടുക്കുന്ന  ആന. എന്ത്  ചെയ്യണമെന്നറിയില്ലായിരുന്നു.എങ്ങനെയോ ഓടി വീട്ടീല്‍ക്കയറിയെന്നുമാത്രമറിയാം.പിന്നീടറിഞ്ഞു,  ഓടിയെന്നല്ലാതെ  ആ  ആന  ഒരു  ഉപദ്രവും  ഉണ്ടാക്കിയില്ല ... എന്ന്."  പറയുന്നത്  പൂഞ്ഞാര്‍  സെന്റ്  ആന്റണീസിലെ   വിദ്യാര്‍ത്ഥിനി  അമ്രുത  രവീന്ദ്രന്‍.
         "ബസിനു  നേര്‍ക്കുള്ള  ആനയുടെ  വരവുകണ്ടതേ  രക്തം  ഉറഞ്ഞുപോയതുപോലെയായി.തലങ്ങും  വിലങ്ങും  ബസില്‍  കുത്തുകയായിരുന്നു.ബസ്  ചെരിയുന്നതോ  ,  മതിലില്‍  തങ്ങിനിന്നതോ  അറിഞ്ഞില്ല.എങ്ങനെ  പുറത്തിറങ്ങിയെന്നു  ചോദിച്ചാല്‍  അതുമറിയില്ല."ഇത്  ഹയര്‍  സെക്കന്ററി  വിഭാഗം വിദ്യാര്‍ഥിനിയായിരുന്ന  ട്രീസാ  റാണിയുടെ  അനുഭവം.
                                           2010-ല്‍ പുഞ്ഞാറിലും പാതാമ്പുഴയിലും  ആനയിടഞ്ഞപ്പോള്‍ ദൃക്സാക്ഷികളായ  സഹപാഠികളുടെ ഈ വിവരണങ്ങളാണ് ആനയുടെ സ്വഭാവരീതികളെക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. കേരള എലിഫെന്റ് ഓണേഴ്സ്ഫെഡറേഷന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി  അഡ്വ. രാജേഷ് പല്ലാട്ടിനെ ഞങ്ങള്‍ കാണാനെത്തിയതും ഈ ഉദ്ദേശ്യത്തോടെയായിരുന്ന. പാലായിലുളള  തന്റെ  ഓഫീസിലിരുന്ന് അദ്ദേഹം ഞങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.


ആനകള്‍ ഇടയാനുളള കാരണങ്ങള്‍ എന്താണ് ?
    ആന ഒരു വന്യമൃഗമാണ്. കാട്ടില്‍ ജനിച്ചു വളര്‍ന്ന ഈ മൃഗത്തെ നമ്മള്‍ മെരുക്കിയെടുത്ത് നമ്മുടെ ആവശ്യങ്ങള്‍ക്കു് ഉപയോഗിക്കുന്നു. ഈ മൃഗത്തിന്റെ അടിസ്ഥാനമായ സ്വഭാവത്തിന് മാറ്റമുണ്ടാകില്ല. ഉള്ളിലെ ജന്മസിദ്ധമായ സ്വഭാവം ചിലപ്പോള്‍ അത് പുറത്തെടുക്കുന്നു. അതോടൊപ്പം മനുഷ്യരുടെ ചില പ്രവൃത്തികള്‍കൂടി  ആനകള്‍ ഇടയുന്നതിന് കാരണമാകുന്നുണ്ട്.
പാപ്പാന്മാര്‍ക്ക്  പ്രത്യേക പരിശീലനം നല്‍കാറുണ്ട് ?..
    അങ്ങനെതൊരു സംവിധാനം ഇതുവരെ നിലവിലില്ല. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷമായി  എലിഫെന്റ്  ഓണേഴ്സ്  ഫെഡറേഷന്‍ , സര്‍ക്കാരുമായി സഹകരിച്ച് 5 ദിവസത്തെ സഹവാസക്യാമ്പ് സംഘടിപ്പിച്ചു വരുന്നുണ്ട്. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനുള്ള  പദ്ധതി തയ്യാറായി വരുന്നു.
ഉത്സവങ്ങള്‍ പോലുള്ള ആഘോഷവേളകളില്‍ ആനകളെ ഏഴുന്നള്ളിയ്ക്കുമ്പോള്‍ സമയദൈര്‍ഘ്യമോ വലിയ ശബ്ദങ്ങളോ ആനകള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ ?
    ഇതൊരു തെറ്റായ ധാരണയാണ്. ശ്രദ്ധിക്കേണ്ടകാര്യം, എല്ലാത്തരം ആനകളെയും നമ്മള്‍ ഇപ്രകാരം ഉപയോഗിക്കാറില്ല എന്നതാണ്. എഴുന്നള്ളത്തിന് ആനകള്‍ പ്രത്യേകമുണ്ട്. ആനകളുടെ സ്വഭാവ ഗുണങ്ങളെ അടിസ്ഥാമാക്കി ഏതൊക്കെ ആവശ്യങ്ങള്‍ക്ക് അവയെ ഉപയോഗിക്കാം എന്ന് വേര്‍തിരിച്ചിട്ടുണ്ട്. എഴുന്നള്ളത്ത് ആനകള്‍ ഉത്സവങ്ങളും ആഘേഷങ്ങളും ആസ്വദിക്കുന്നവയാണ്. ചെണ്ടമേളങ്ങളും, ആളുകളുടെ ആരവങ്ങളും തീവെട്ടിയുടെ വെളിച്ചവുമെല്ലാം ഇവയ്ക്ക് സന്തോഷം നല്‍ക്കും.
അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ആനയിടയാന്‍ കാരണമാകുമോ ?
    ചൂട് ഉയരുന്നത് ഇതിനുകാരണമായി പലരും പറയാറുണ്ട്. പക്ഷേ, ആനകള്‍ കൂടുതലായി കാണപ്പെടുന്നത് നിബിഢവനങ്ങളിലല്ല, മറിച്ച് ചൂട് കൂടിയ പുല്‍മേടുകളിലാണ്. പിന്നെ, നമ്മുടെ ശരീരപ്രകൃതിയേക്കാള്‍ വ്യത്യസ്തമാണ് ആനകളുടെ ശരീരപ്രകൃതി. ചൂട് കൂടുമ്പോള്‍ നമ്മള്‍ വിയര്‍ക്കും.പക്ഷേ ആനകള്‍ക്ക് വിയര്‍പ്പില്ല.
ചില പെരുമാറ്റ രീതികള്‍ ആനകള്‍ക്ക് ദേഷ്യം വരുത്തും എന്നത് ശരിയാണോ ?
    ശരിയാണ്. മനുഷ്യരുടെ കാര്യം പരിഗണിയ്ക്കുക. നിങ്ങള്‍ കുട്ടികള്‍ക്കു തന്നെ തോളില്‍ കൈയ്യിട്ടുനടക്കാന്‍ ഇഷ്ടമാണ്. മറ്റു ചിലര്‍ക്ക് അതിഷ്ടമല്ല. നമ്മള്‍ കൈതട്ടി മാറ്റിയെന്നിരിയ്ക്കും. കൈ ചൂണ്ടി സംസാരിച്ചാല്‍ ഇഷ്ടപ്പെടാത്തവരില്ലേ ? ഇതുപോലെ തന്നെ കൊമ്പില്‍ പിടിയ്ക്കുന്നതോ, സ്പര്‍ശിക്കുന്നതോ ഒക്കെ ഇഷ്ടപ്പെടാത്ത ആനകളുമുണ്ട്.
ആനകുളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള റിഫ്ളക്റ്റര്‍, ചിപ്പ്.. ഇവയെക്കുറിച്ച്......?
    രാത്രികാലങ്ങളില്‍ ആനകളെ കൊണ്ടുപോകുമ്പോള്‍ സുരക്ഷയ്ക്കായാണ് റിഫ്ളക്റ്റര്‍ ഒട്ടിക്കുന്നത്. മൈക്രോ ചിപ്പ്, ആനകളെ സംബന്ധിച്ച് ഒരു അടിസ്ഥാന രേഖയാണ്. ഒരു നെല്‍മണിയേക്കാള്‍ വലിപ്പം കുറഞ്ഞ ഇതില്‍ 18 അക്കമുള്ള ഒരു കോഡ് നമ്പറുണ്ട്. ആനയുടെ ഇടതു ചെവിയുടെയും കഴുത്തിന്റെയും ഇടയിലായി ഈ ചിപ്പ് ഇന്‍ജക്ട്ട് ചെയ്യുന്നു.ആവശ്യ നേരങ്ങളില്‍ മൈക്രോചിപ്പ് റീഡര്‍ ഉപയോഗിച്ച് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാം.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ?
    ആനകളെ കണ്ടാസ്വദിക്കുക. ഇഷ്ടം കൂടുമ്പോള്‍ തൊട്ടുനോക്കുക, കൊമ്പിലും മറ്റും പിടിക്കുക, ഇതൊക്കെ ആളുകള്‍ ചെയ്യാറുണ്ട്.ഇവയെല്ലാം ഒഴിവാക്കുക. അകലെ നിന്ന് ആനച്ചന്തം ആസ്വദിക്കുക. മറ്റുള്ളവയെപ്പോലെ ഇതും ഒരു മൃഗമാണെന്ന ചിന്ത മനസിലുണ്ടാകുക.
(ഇന്റര്‍വ്യൂ- ഗൗതം കൃഷ്ണ, ആല്‍ബെര്‍ട്ട് ജെ. വേണാടന്‍, മുഹമ്മദ് ബിലാല്‍ ബിന്‍ ജമാല്‍)

Monday, February 28, 2011

ക്യാന്‍സറിനെ സൂക്ഷിക്കുക...

കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ മുന്‍ മേധാവിയും പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഡോ.മധുവുമായി പൂഞ്ഞാര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍മാരായ ഗൗതംകൃഷ്ണ, ജെസ്വിന്‍ ജോസഫ്, മുഹമ്മദ് റമീസ് പി.എം. എന്നിവര്‍ ചേര്‍ന്ന് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

        ഞങ്ങള്‍ അന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുമ്പോല്‍ ഡോക്ടറുടെ ഒ.പി.യ്ക്കു മുന്‍പില്‍ രോഗി‌കളുടെ നീണ്ടനിര.'ക്യാന്‍സര്‍' എന്ന ഭീകരന്റെ നീരാളിപ്പിടുത്തത്തിലേക്ക് അകപ്പെടന്ന ആളുകളുടെ എണ്ണം ഓരോ നിമിഷവം കൂടി വരുന്നു എന്ന സത്യത്തിന് അടിവരയിടുന്നതാണ് ഈ തിരക്ക്. പൂഞ്ഞാര്‍ പ്രദേശത്തും ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ് എന്ന തിരിച്ചറിവാണ് ഇവിടെ എത്തുവാനും അദ്ദേഹവുായി സംസാരിക്കുവാനും ഞങ്ങളെ പ്രേരിപ്പിച്ചത്.

        ഏതു തിരക്കിലും പൂഞ്ഞാറുകാരാണ് എന്നു കേട്ടാല്‍ മധു ഡോക്ടര്‍ ഓടിയെത്തും. നാടിനോടും നാട്ടുകാരോടുമുള്ള സ്നേഹം അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും വ്യക്തമാണ്. തിരക്കിനിടയിലും ഞങ്ങളുമായി അല്‍പ്പസമയം പങ്കിടുവാന്‍ അദ്ദേഹം തയ്യാറായതും ഇതുകൊണ്ടു തന്നെ.    
       
        പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ പഠിച്ചിരുന്ന കാലത്തെ മധുരസ്മരണകളുമായാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലും തിരുവനന്ദപുരം മെഡിയ്ക്കല്‍ കോളേജിലും മദ്രാസ് മെഡിയ്ക്കല്‍ കോളേജിലുമായി ഉന്നത വിദ്യാഭ്യാസം.  1991-ല്‍ കോട്ടയം മെഡിയ്ക്കല്‍ കോളേജില്‍ സേവനം ആരംഭിച്ചു. പത്തുവര്‍ഷത്തിനു ശേഷം 2001 മുതല്‍ അഞ്ചുവര്‍ഷത്തയ്ക്ക് തൃശൂര്‍ മെഡിയ്ക്കല്‍ കോളേജില്‍. തുടര്‍ന്ന് 2006 മുതല്‍ വീണ്ടും കോട്ടയത്ത് . പെന്‍ഷനാകുന്നതിനു മുന്‍പ് വീണ്ടും അല്‍പ്പനാള്‍ തൃശൂരില്‍.... ഇപ്പോള്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചെങ്കിലും തിരക്കിന് ഒരു കുറവുമില്ല.


അദ്ദേഹം സംസാരിച്ചു തുടങ്ങി...

എന്താണ് ക്യാന്‍സര്‍ ?
    ശരീരത്തിലെ ഏതാനും കോശങ്ങള്‍ അനിയന്ത്രിതമായി വളരുകയും ശരീരത്തിലെ ഇതരസ്ഥാനങ്ങളിലേയ്ക്ക് പടരുകയും ചെയ്യുന്ന അവസ്ഥാവിശേഷത്തെയാണ് ക്യാന്‍സര്‍ എന്നു പറയുന്നത്.സാധാരണയായി കഴുത്തിനു മുകളിലും ഗര്‍ഭപാത്രത്തിലുമുണ്ടാകുന്ന ക്യാന്‍സറുകള്‍ അവിടെത്തന്നെ ഒതുങ്ങി നില്‍ക്കുന്നവയും ശ്വാസകോശത്തിലും മാറ്റിലും മറ്റുമുണ്ടാകുന്ന ക്യാന്‍സറുകള്‍ പടരുന്നതുമാണ്.

ക്യാന്‍സര്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ ?
    നമ്മുടെ നാട്ടില്‍ കൂടുതലായി കണ്ടുവരുന്ന വായിലെ ക്യാന്‍സറിന്റെ കാരണം പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗമാണ്. പുകവലി, പാന്‍മസാലകള്‍,മുറുക്ക് തുടങ്ങിയവ ക്യാന്‍സറിനു കാരണമാകുന്നു. കൂര്‍ത്ത പല്ലുകളം കൃത്രിമപ്പല്ലുകളും വായിലെ ക്യാന്‍സറിന് കാരണമാകുന്നുണ്ട്.
    കുടലിലും സ്തനങ്ങളിലുമുണ്ടാകുന്ന ക്യാന്‍സര്‍ നമ്മുടെ ഭക്ഷണരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊഴുപ്പുനിറഞ്ഞ ആഹാരം ഇതിനു പ്രധാന കാരണമാണ്.
        റേഡിയേഷന്‍ ക്യാന്‍സറിനു കാരണമാകുന്നുണ്ടോ എന്നതില്‍ പഠനങ്ങള്‍ നടക്കുന്നു. പക്ഷേ ഇതുവരെ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല.

പാരമ്പര്യവുമായി ബന്ധമുണ്ടോ ?
    ചിലതരം ക്യാന്‍സറുകള്‍ പാരമ്പര്യമായി കണ്ടുവരുന്നുണ്ട്.സ്തനത്തിലും കുടലിലുമണ്ടാകുന്ന ക്യാന്‍സറുകള്‍ ചുരുക്കം ചിലരില്‍ പരമ്പരാഗതമായി കണ്ടുവരാറുണ്ട്.

രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണ് ?
    ഏതുഭാഗത്തെ ബാധിക്കുന്നു എന്നതനുസരിച്ച് വ്യത്യാസമുണ്ടാകും. വൃണമായോ മുഴയായോ ഈ രോഗം പ്രത്യക്ഷപ്പെടാം. വിട്ടുമാരാത്ത ചുമയുമായി ശ്വാസ കോശത്തെ  ബാധിക്കുന്ന ക്യാന്‍സറും, വയറു വേദനയായി കുടലിനെ ബാധിക്കുന്നതും ലക്ഷണം കാണിച്ചേക്കാം. എന്നാല്‍ഇത് ക്യാന്‍സറിന്റെ ലക്ഷണം മാത്രമല്ല എന്നുമോര്‍ക്കണം..

ചികിത്സാരീതി ?
    പ്രധാനമായും 3 തരം ചികിത്സയാണുള്ളത് മരുന്ന്, റേഡിയേഷന്‍, ശസ്ത്രക്രിയ. ഏതാനും ആഴ്ചകള്‍ മുതല്‍ ചിലപ്പോള്‍ ഏതാനും വര്‍ഷങ്ങള്‍ വരെ ചികിത്സ
നീണ്ടേക്കാം  
    തുടക്കത്തില്‍ കണ്ടു പിടിച്ചാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദദമാക്കാവുന്ന ഒരു രോഗമാണ് ക്യാന്‍സര്‍ എന്ന അറിവ് പലര്‍ക്കുമില്ല. അല്‍പ്പം താമസിച്ചാല്‍ തന്നെ ചികിത്സയിലൂടെ അനേക വര്‍ഷങ്ങള്‍ രോഗിയുടെ ആയുസ്സ് നീട്ടിയെടുക്കാന്‍ സാധിക്കും. അവസാനഘട്ടത്തിലെത്തിയാല്‍ വേദന കുറയ്ക്കുവാനുള്ള മരുന്ന് കൊടുക്കുകയെ സാധിക്കുകയുള്ളൂ.

ക്യാന്‍സറിനെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍....?
 
    പുകയില ഉല്‍പ്പന്നങ്ങള്‍ വര്‍ജ്ജിക്കുക, കൊഴുപ്പുനിറഞ്ഞ ആഹാരപദാര്‍ത്ഥങ്ങല്‍ കഴിയുന്നത്ര കുറയ്ക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക. കുടുംബത്തില്‍ പരമ്പരാഗതമായി ഈ അസുഖം കാണുന്നവര്‍ ഇടയ്ക്കിടെ ടെസ്റ്റിന് വിധേയമാകുവാന്‍ ശ്രദ്ധിക്കണം. ലൈംഗിക വൈകൃതങ്ങള്‍ ഗര്‍ഭാശയ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള പല ക്യാന്‍സറുകള്‍ക്കും കാരണമാകുമെന്നതിനാല്‍ ലൈംഗിക ജീവിതത്തില്‍ സംയമനം പാലിക്കുക.


പൂഞ്ഞാര്‍ ന്യൂസിലൂടെ പുഞ്ഞാര്‍ നിവാസികള്‍ക്ക്  നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍...

    ഞാന്‍ മുന്‍പു പറഞ്ഞ, ക്യാന്‍സറിനെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംമ്പിയ്ക്കുക. പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒരസുഖമാണ് ഇതെന്ന ബോധവല്‍ക്കരണം അത്യാവിശ്യമാണ്. രോഗം കണ്ടു പിടിയ്ക്കപ്പെട്ടാല്‍ ഫലപ്രദമെന്നു തെളിയിക്കപ്പട്ടിട്ടുള്ള അലോപ്പതി ചികിത്സകളില്‍ മാത്രം ആശ്രയിക്കുക. ചികിത്സകള്‍ പൂര്‍ത്തിയായാലും നിശ്ചിത ഇടവേളകളില്‍ ചെക്കപ്പുകള്‍ അത്യാവിശ്യമാണ്. പുകയില ഉല്‍പ്പന്നങ്ങളും കൊഴുപ്പു നിറഞ്ഞ ആഹാര പദാര്‍ത്ഥങ്ങളും ഒഴിവാക്കുകയും വ്യായാമം നിര്‍ബന്ധമാക്കുകയും ചെയ്യുക എന്നതും പ്രധാനം. 

Wednesday, February 9, 2011

എന്താ ഇതൊരാനകാര്യം തന്നെയല്ലേ...

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിന്റെ സയന്‍സ് ലാബില്‍ കടന്നു ചെല്ലുന്ന ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് അവിടെ ഒരു ഗജവീരനുണ്ട്. അസ്ഥികൂടമായാണ് അവിടെ നില്‍ക്കുന്നതെങ്കിലും ജീവിച്ചിരുന്ന കാലത്തെ തലയെടുപ്പും ഗാംഭീര്യവും ഇന്നും ദര്‍ശിക്കാന്‍ സാ‌ധിക്കും. ലഭിച്ചിരിക്കുന്ന വിവരമനുസരിച്ച് കേരളത്തില്‍ 2 സ്കൂളുകളില്‍ മാത്രമാണ് ആനയുടെ അസ്ഥികൂടം ഉള്ളത്. അതുകൊണ്ടു തന്നെ സെന്റ് ആന്റണീസിലെ ഈ കരിവീരനെ സ്കൂള്‍ അധികൃതര്‍ അമൂല്യമായി സൂക്ഷിക്കുന്നു.
       വര്‍ഷങ്ങളായി സ്കൂള്‍ ലാബില്‍ സൂക്ഷിക്കപ്പെടുന്ന ഈ അമൂല്യ സമ്പത്തിന്റെ ഭൂതകാലങ്ങളിലേക്ക് ഊളിയിടുകയാണ് റോയ് സാറും കൂട്ടരും. യാദൃശ്ചികമായുണ്ടായ ഒരന്വേഷണം ചെന്നെത്തിയത് വിസ്മയകരമായ അറിവുകളിലേക്കായികരുന്നു.
     
ലഭിച്ച അനുഭവങ്ങളും കേട്ട സംഭവങ്ങളും രസകരമായി ഇവിടെ റോയ് ജോസഫ് സാര്‍ അവതരിപ്പിക്കുന്നു. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ മുന്‍ അദ്ധ്യാപകനും ഇപ്പോള്‍ ഇടമറ്റം KTJM HS-ലെ അദ്ധ്യാപകനുമായ റോയി സാര്‍ പാലാ കിഴപറയാര്‍ സ്വദേശിയാണ്.

എന്താ ഇതൊരാനകാര്യം തന്നെയല്ലേ...
         
      ഹ..എന്തായിരുന്നു അന്നത്തെ പ്രതാപം നെറ്റി പട്ടവുമണിഞ്ഞ് വെഞ്ചാമരത്തിന്റെ കുളിര്‍ തെന്നലേറ്റ് ആലവട്ടങ്ങളുടെയും വെണ്‍കൊറ്റകുടകളുടെയും അകമ്പടിയോടെ ഭഗവാന്റെ തിടമ്പേറ്റിയുള്ള ആ ആന നട. ഭയഭക്തി ബഹുമാനങ്ങളോടെ ഭഗവാനെ വണങ്ങുന്ന ഭക്തജന സഹസ്രങ്ങളുടെ നോട്ടം എന്റെ മേലും പതിയുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അന്നൊക്കെ എത്ര അഭിമാനമായിരുന്നു.തെല്ലൊരഹങ്കാരവും. വമ്പന്‍ മരത്തടികള്‍ തുമ്പികൈക്കും കൊമ്പിനുമിടയില്‍ ഉയര്‍ത്തി നടക്കുമ്പോഴുണ്ടാകുന്ന കഠിനമായ ക്ഷീണവും അടിമത്തത്തിന്റെ മനോവേദനയും വിസ്മരിക്കുവാന്‍ വല്ലപ്പോഴും ലഭിക്കുന്ന ആ ഉത്സവമേളം മാത്രം മതിയായിരുന്നു.
        ജനിച്ചകാടോ അച്ഛനമ്മമാരുടെ സ്നേഹലാളനങ്ങളോ ഇന്നെന്റെ  ഓര്‍മ്മയിലില്ല. അല്ലങ്കില്‍ത്തന്നെ ഞങ്ങള്‍ക്ക് എല്ലാകാടും സ്വന്തം വീടുതന്നെ. കാനനങ്ങള്‍ക്ക് അതിരുകളും വ്യത്യസ്തമായ പേരുകളും നല്‍കിയത്, എന്തിനുമേതിനും മതിലുകള്‍ സൃഷ്ടിക്കുന്ന മനുഷ്യന്‍ തന്നെയാണല്ലൊ. എതായാലും ഒരു ഒറ്റയാനാകാതെതന്നെ ഒറ്റപ്പെട്ടവാനായിരുന്നതിനാലാവും മനുഷ്യന്റെ ചതികുഴിയില്‍ ഞാന്‍ വീണുപോയതും, മാതാപിതാക്കള്‍ക്കും കൂട്ടാളികള്‍ക്കും അല്‍പ്പനാളത്തേക്കെങ്കിലും  വിരഹവേദനസമ്മാനിച്ചതും. കാട്ടാനയെ നാട്ടാനയാക്കുന്ന കര്‍ക്കശമായ പരിശീലനമുറകളിലൂടെ കടന്ന്, അനേകം കൈവശാവകാശക്കാരുടെ ലാളനങ്ങളും പീഢനങ്ങളുമേറ്റ് ഒടുവില്‍ ഞന്‍ എത്തിയത് വാത്സല്യ നിധിയായിരുന്ന ഒരു യഥാര്‍ത്ഥ ആനപ്രേമിയുടെ കൈയിലായിരുന്നു. തീക്കോയി ഗ്രാമത്തിലെ പ്രമാണിയായിരുന്ന കണ്ടത്തിന്‍കര കുഞ്ഞേട്ടന്റെ അരുമയായി തീരാനായത് എന്റെ സുകൃതം എന്നല്ലാതെ എന്തു പറയാന്‍.
        സംഭവബഹുലമായിരുന്ന ഒരു ജീവിതത്തിനൊടുവില്‍ 1970- കളുടെ പ്രാരംഭകാലത്ത് അനിവാര്യമായ ആ വിധി എനിയ്ക്കുണ്ടായി. നാട്ടുകാരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ചെരിഞ്ഞ എന്നോടുള്ള സ്നേഹാധിക്യംകൊണ്ടാകണം, സാധാരണ മനുഷ്യര്‍ ചെയ്യാറുള്ളതില്‍ നിന്നും വിഭിന്നമായി എന്റെ പല്ലോ, നഖമോ  എന്തിന് കൊമ്പുപോലും ഇളക്കിയെടുക്കാതെ സ്വന്തം പുരയിടത്തില്‍ കുഞ്ഞേട്ടന്‍ എനിക്ക് കുഴിമാടമുണ്ടാക്കിയത്. മണ്ണിനടിയില്‍ അധികമാഴത്തിലല്ലാതെ പാറ കണ്ടതിനാല്‍ സ്ഥുലമായ എന്റെ നിര്‍ജ്ജീവദേഹം  മറവുചെയ്യാന്‍ കുഴിക്കുചുറ്റും കയ്യാല നിര്‍മ്മിച്ച് മണ്ണിട്ടു മൂടി. അക്ഷരാര്‍ത്ഥത്തില്‍ ഒരു അസ്ഥിത്തറ തീര്‍ക്കേണ്ടി വന്നു എന്റെ വളര്‍ത്തച്ഛന്.
        കഥ ഇവിടെയവസാനിക്കുമോ? ഇല്ല ഇനിയും പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടിവന്നു എന്റെ ആത്മാവിന്. മരണശേഷമുള്ള ആ കഥകള്‍ മറ്റൊരു നിലപാടു തറയില്‍ നിന്നാവാം.
     
        അക്കാലത്തും പൂഞ്ഞാറിന്റെ തിലകക്കുറിയായി പ്രശോഭിച്ചിരുന്ന സെന്റ് ആന്റണീസ് കലാലയത്തിലെ പ്രഥമാധ്യാപകന്‍ കര്‍ക്കശസ്വഭാവക്കാരനാണെങ്കിലും വളരെ ഉല്‍പതിഷ്ണുവായിരുന്ന ഹെര്‍മ്മനച്ചനായിരുന്നു. സ്കൂളിന്റെ പുരോഗതിയ്ക്കും കുട്ടികളുടെ നന്മയ്ക്കും
എന്തും ചെയ്യാന്‍ അച്ചന്‍ സന്നദ്ധനായിരുന്നു. വിദ്യാലയത്തിലെ കുട്ടികളുടെ പഠനാവശ്യത്തിനായി കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ അസ്ഥികൂടം കൂടി ഉണ്ടായാല്‍ നന്നായിരുന്നു എന്ന അദ്ധ്യാപകരുടെ ആഗ്രഹപ്രകാരം പൂഞ്ഞാറില്‍ ചെരിഞ്ഞ എന്റെ ഒരു സഹജീവിയുടെ ഉടമസ്ഥനെ അച്ചനും സംഘവും സമീപിച്ചെങ്കിലും അനുകൂലമായനടപടികള്‍ ഉണ്ടായില്ല. അപ്പോഴാണ് ആരോ എന്റെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.. ഞാന്‍ മണ്ണടിഞ്ഞിട്ട് അന്ന് ഒന്നര വര്‍ഷത്തിലേറെ ആയിരുന്നു. ഏതായാലും എന്റെ യജമാനന്‍, അനേകം തലമുറകളുടെ ശോഭനമായ ഭാവിക്ക്, എന്നോടുള്ള വാത്സല്യത്തെ മറികടന്ന്. പച്ചക്കൊടി വീശുകയും ചെയ്തു.
        സെന്റ് ആന്റണീസിലെ ചുറുചുറുക്കുള്ള അദ്ധ്യാപകരായിരുന്ന സി.എം വര്‍ക്കി, വി.വി വര്‍ക്കി, എന്‍.കെ.ജോസഫ് എന്നിവരോടൊപ്പം അനദ്ധ്യാപകരായിരുന്ന കുട്ടപ്പന്‍ ചേട്ടനും, ജോണ്‍ ചേട്ടനും, തൊടുവനാല്‍ ജോസഫ് ചേട്ടനും, കൊച്ചുപുരയില്‍ ജോസഫു ചേട്ടനും, ചാക്കോച്ചന്‍ ചേട്ടനും ഏതാനും സഹായികളുമായി എന്റെ അസ്ഥിമാടം പൊളിച്ചപ്പോഴും മാംസം പൂര്‍ണ്ണമായി അഴുകി അസ്ഥികള്‍ വേര്‍പെട്ട നിലയിലായിരുന്നില്ല. അസഹനീയമായ ദുര്‍ഗന്ധം സഹിച്ച് എന്റെ എല്ലുകള്‍ വീണ്ടെടുക്കാന്‍ അവര്‍ കാണിച്ച ശുഷ്കാന്തി പഴയകാല ഗുരുക്കന്‍മാരുടെ ആത്മാര്‍ത്ഥതയല്ലാതെ എന്താണ് വെളിച്ചത്ത് കൊണ്ടുവരുന്നത്
        ഒരു കാളവണ്ടിയിലാണ് ശേഖരിച്ച അസ്ഥികള്‍ അവര്‍ പൂഞ്ഞാറ്റിലെത്തിച്ചത്.കൊവേന്തയുടെ അടുത്തുള്ള കുളത്തിലെ വെള്ളത്തില്‍ അവ കഴുകി വൃത്തിയാക്കുന്നതിനു തന്നെ മൂന്നു ദിവസമെടുത്തു. ഇതെല്ലാം കണ്ടപ്പോള്‍ അഴുകുന്ന ശരീരം കൊണ്ടുപോലും ഞാന്‍ എത്രയോ പേരെ കഷ്ടപ്പെടുത്തുന്നു എന്ന ആത്മനിന്ദയാണ് എനിക്കാദ്യമുണ്ടായത്. എന്നാല്‍ അദ്ധ്യാപകര്‍ ഉടമസ്ഥനു കൈമാറിയ എന്റെ ലക്ഷണമൊത്ത കൊമ്പുകള്‍ക്കു പകരം മാധവപ്പണിയ്ക്കന്‍ നിര്‍മ്മിച്ചുനല്‍കിയ കൃത്രിമകൊമ്പുകളുമണിഞ്ഞ് , നാരായണപ്പണിയ്ക്കന്‍ രൂപകല്‍പ്പന ചെയ്ത ഇരുമ്പു ചട്ടക്കൂടിനുള്ളില്‍ വി.വി.വര്‍ക്കിമാഷിന്റെ നിര്‍ദ്ദേശാനുസരണം അദ്ധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് എന്റെ അസ്ഥികള്‍ വീണ്ടും ചേര്‍ത്ത് വെച്ചപ്പോള്‍ ഒരു പുനര്‍ ജന്മത്തിലൂടെ അനേകം ജിജ്ഞാസുക്കള്‍ക്ക് അറിവുപകരാന്‍ മരണ ശേഷവും എനിക്കു സാധിക്കുന്നല്ലോ എന്ന ചിന്തയാല്‍ എന്റെ ആത്മാവ് പുളകിതമായി. എനിയ്ക്ക് ഈ അനശ്വരത സമ്മാനിച്ച മഹാമനസുകള്‍ക്കു മുന്‍പില്‍ ഞാന്‍ എത്ര ചെറുതാകുന്നു
        എതാണ്ട് നാലുപതിറ്റാണ്ടുകള്‍ക്കിപ്പുറം സെന്റ് ആന്റണീസിന്റെ പരീക്ഷണശാലയില്‍, കുട്ടികളുടെ കലപിലകള്‍ നിത്യേന ശ്രവിച്ചുകൊണ്ട്, ഇടയ്ക്കൊക്കെ ലഭിക്കുന്ന അവരുടെ അത്ഭുതം നിറഞ്ഞ കടാക്ഷങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് എന്റെ ആത്മ സാന്നിധ്യമുള്ള അസ്ഥിപഞ്ജരം ഇപ്പോഴും സജ്ജീവമായി.... എന്താ ഇതൊരാനക്കാര്യം തന്നെയല്ലേ...

Thursday, January 13, 2011

പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക

എല്ലാവര്‍ക്കും കൂടിച്ചേര്‍ന്ന് കാണാന്‍ കഴിയുന്ന ഒരു സ്വപനത്തില്‍ നാം എന്നാണ് ഒന്നായിത്തീരുന്നത് ? 
എന്നാണ് മരത്തിന്റെ ചുവട്ടില്‍നിന്ന് എല്ലാവര്‍ക്കും ചേര്‍ന്ന് മഴയുടെ സംഗീതം ആസ്വദിക്കാന്‍ കഴിയുന്നത് ? 
എല്ലാവര്‍ക്കും ചേര്‍ന്ന് ചൊല്ലാവുന്ന ഒരു പ്രാത്ഥനയില്‍ നാം എന്നാണ് ഒന്നായിതീരുന്നത് ?
                               
         -പെരുമ്പടവം
        (വേനല്‍ എന്ന ചെറുകഥാ സമാഹാരത്തില്‍ നിന്ന്)
   
          
       "പൊതു ഇടങ്ങള്‍ കൊണ്ടാണ് സമൂഹം ചൈതന്യവല്‍ക്കരിക്കപ്പെടുന്നത്.... അയല്‍പക്കങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, പബ്ലിക്ക് ലൈബ്രറികള്‍, ചായക്കടകള്‍, ആല്‍ത്തറവട്ടങ്ങള്‍, ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍, കളിക്കളങ്ങള്‍ തുടങ്ങി  ആളുകള്‍ കൂടിയിരുന്നപ്പോഴൊക്കെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെട്ടു.... സൗഹൃദവും വികസനവും വിജ്ഞാനവുമുണ്ടായി...എന്നാല്‍ ഇന്ന്...ബ്ലോഗിലും സ്കൈപ്പിലും ഗൂഗിള്‍ ടോക്കിലും യാഹു മെസഞ്ചറിലുമായി തീര്‍ക്കപ്പെടുന്ന പൊതു ഇടങ്ങളില്‍ കൗതുകമേറുമെങ്കിലും കരുത്തില്ല....." 
എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം

               ഇന്നിന്റെ ചില സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുകയാണ് ലേഖകനായ എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം. പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശിയായ എബി അറിയപ്പെടുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനാണ്. ഭരണങ്ങാനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ശ്രദ്ധ'യുടെ (SRADHA-Society for Rural Development and Harmonious Action) ചെയര്‍മാനായും പൂഞ്ഞാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി-സാമൂഹ്യ സംഘടനയായ 'ഭൂമിക'യുടെ സെക്രട്ടറിയായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. അസീസി മാസികയുടെ 2011 ജനുവരി ലക്കത്തിലെ കവര്‍സ്റ്റോറികൂടിയായ ഈ ലേഖനം , നാടിന്റെ നന്മയും പുരോഗതിയും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആദ്യാവസാനം വായിക്കേണ്ടതാണ്.


        പൊതു ഇടങ്ങള്‍ ക്ഷീണിക്കുന്നുണ്ടോ എന്നത് ഒരന്വേഷണവും ആവലാതിയുമാണ്. ചിലപ്പോള്‍ അതൊരു തോന്നലാകാം, അല്ലെങ്കില്‍ ഉത്കണ്ഠ. പക്ഷേ അതിനൊക്കെ പ്രേരിപ്പിക്കുംവിധം എന്തോ ചിലത് പൊതുവിനും നമുക്കും ഇടയില്‍ സംഭവിക്കുന്നുണ്ട് എന്നതു നിശ്ചയം.അവിടെനിന്നുകൊണ്ടാണ് "പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക" എന്നു ചില സാമൂഹിക സംഘടനകളും ജീവികളും വിളിച്ചുപറയുന്നത്. 'എല്ലാവരും കൂടി' ചെയ്തുകൊണ്ടിരുന്ന‌‌‌ / ഇടപെട്ടിരുന്ന / അനുഭവിച്ചിരുന്ന ഒന്ന് എന്ന് പൊതു ഇടങ്ങളെ വിനിമയ സൗകര്യത്തിനുവേണ്ടി വ്യഖ്യാനിക്കാം. മുന്‍പ്  സംഭവിച്ചിരുന്ന/ അനുഭവിച്ചിരുന്ന ചില പ്രവര്‍ത്തനങ്ങളില്‍ എല്ലാവര്‍ക്കും ഉള്‍പ്പെടാനാവുന്നില്ല.അതല്ലെങ്കില്‍ എല്ലാവര്‍ക്കും ഉള്‍പ്പെടനാവും വിധം അവ സംഭവിക്കുന്നില്ല.
         പൊതു ഇടങ്ങളെ എങ്ങനെ നിര്‍വചിക്കാനാവും ? സ്വാഭാവികമായി ഓരോ സമൂഹവും ഓരോ പൊതു ഇടങ്ങളാണ്. വിശാലമായ പരിപ്രേക്ഷ്യത്തില്‍ ആഗോള ഗ്രാമസങ്കല്‍പ്പം പേറുന്ന ലോകംതന്നെ ഒരു പൊതു ഇടമല്ലേ.. ദേശീയതാത്പര്യങ്ങളില്‍ രാജ്യം, പിന്നെ സംസ്ഥാനം, ജില്ല, പഞ്ചായത്ത്, അയല്‍പക്കം, വീട്.... അതെ വീട്ടകം. പൊതു ഇടങ്ങളെ നിര്‍വ്വചിച്ചു കാട്ടുക എളുപ്പമല്ലെന്നു സാരം. സമുദായ താത്പര്യങ്ങളും രാഷ്ട്രീയചായിവുകളും തൊഴില്‍ മേഖലകളം അതതിന്റേതായ തലത്തില്‍ പൊത് ഇടങ്ങളെ സൃഷ്ടിക്കുന്നുണ്ട്. ആവശ്യങ്ങളും, സാധ്യതകളും മറ്റു ചിലപ്പോള്‍ പ്രതിസന്ധികളും ഭീഷണികളും പൊതു ഇടങ്ങളെ രൂപപ്പെടുത്തും.
        ‌അര്‍ത്ഥപരമായി പൊതു ഇടത്തെ മനസ്സിലാക്കിയെടുക്കാന്‍ വിഷമിച്ചേക്കും. ("പൊതു ഇടങ്ങളെ വീണ്ടെടുക്കുന്നതു നല്ലതുതന്നെ.കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സര്‍ക്കാര്‍ അത് ഏറ്റെടുക്കട്ടെ" എന്നും മറ്റും ചിലര്‍ നമ്മുടെ പ്രചരണത്തെ പിന്തുണച്ചേക്കും).
       
         പൊതു ഇടങ്ങള്‍ കൊണ്ടാണ് സമൂഹം ചൈതന്യവല്‍ക്കരിക്കപ്പെടുന്നത്.(പൊതു ഇടങ്ങള്‍ കൂടാതെ ഒരു പക്ഷേ അതിനു നില്‍നില്‍ക്കാനായേക്കും). അതുകൊണ്ടുതന്നെ കൂട്ടായ മുന്‍കൈകള്‍, അയല്‍പക്കങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, പബ്ലിക്ക് ലൈബ്രറികള്‍, ചായക്കടകള്‍, ആല്‍ത്തറവട്ടങ്ങള്‍, ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍, കളിക്കളങ്ങള്‍ കൂടാതെ മുന്‍പ് പൊതു എന്ന് അനുഭവിക്കാന്‍ കഴിഞ്ഞ എണ്ണമറ്റ സാധ്യതകളും അതു രാഷ്ട്രീയത്തിലായാലും മതത്തിലായാലും പൊതുസമൂഹക്രമത്തിലായാലും അപനിര്‍മ്മിക്കപ്പെടുന്നുണ്ട് എന്നത് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ആളുകള്‍ കൂടിയിരുന്നപ്പോഴൊക്കെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെട്ടു. സൗഹൃദവും വികസനവും വിജ്ഞാനവുമുണ്ടായി. കേരളവികസന മാതൃകയിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിച്ചതും ഇതേ മാതിരിയുള്ള പൊതു ഇടങ്ങളില്‍ നിന്നാണെന്നു കണ്ടെത്താനാകും.പൊതു ഇടങ്ങള്‍ നഷ്ടപെട്ട ഒരു സമൂഹത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ കുറവ്, പ്രതിലോമ പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധന എന്നീ സൂചകങ്ങളിലൂടെ തിരിച്ചറിയാം.
 
        പൊതു ഇടങ്ങളില്‍ നിന്നാണ് പരിമിതികളും മുന്‍ വിധികളുമില്ലാതെയിരുന്ന തുടക്കങ്ങളും മുന്നേറ്റങ്ങളും ഉണ്ടാകുന്നത്. അതുമിക്കപ്പോഴും സ്വാഭാവികവും ആവശ്യാധിഷ്ഠിതവും സാധ്യതകളോടു ചേര്‍ന്നുപോകുന്നതുമാകാറുണ്ട്.അത് ഇടപ്പെടുന്നവരുടെ ശരീരത്തെയും മനസ്സിനെയും സ്വതന്ത്രമാക്കി വിടും.അവിടെ രൂപപ്പെടാറുള്ള അധികാരവും നേതൃത്വവും തികച്ചും പ്രായോഗികവും പങ്കാളിത്തപരവുമാണ്. പൊതു ഇടങ്ങളില്‍ വികസിക്കുന്ന കര്‍മ്മോത്സുകതക്കും കാര്യശേഷിക്കും പരിധിയും പരിമിതികളുമില്ല. ഈ വിശേഷിതയാണ് സമൂഹനിര്‍മ്മാണത്തിന് ഏറെ സംഭാവനകള്‍ നല്‍കിയത്. അതു പലപ്പോഴും ആവിഷ്കരിക്കപ്പെട്ട മാര്‍ഗ്ഗരേഖകളുടെ അതിരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടില്ല.മുഖ്യധാരാ സംവിധാനങ്ങള്‍ ഇന്ന് പരീക്ഷിക്കുന്ന ആസ്രൂതണ, ഗതിനിയന്ത്രണം, അവലോകനം തുടങ്ങിയ സാങ്കേതികങ്ങളൊക്കെ യാതൊരു പരിശീലനവും കൂടാതെ കാര്യക്ഷമമായി നടപ്പാക്കപ്പട്ടിരിക്കുന്നു , പൊതു ഇടങ്ങളില്‍ എന്നു കാണാം.

        പൊതു ഇടങ്ങളിലെ ആശയവിനിമയം പലപ്പോഴും ആ സമൂഹത്തിന്റെ മൊത്തത്തിലുള്ള സാഹചര്യങ്ങളെ തന്നെ മെച്ചപ്പെടുത്തി.സ്വാഭാവികമായി ഉരുത്തിരിഞ്ഞു വന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാകാം , ഉപദേശങ്ങളിലൂടെയും തിരുത്തലുകളിലൂയെയും സ്വാന്തനങ്ങളിലൂടെയുമാകാം , അതു വ്യക്തികളെ കൂടുതല്‍ ആത്മവിശ്വസമുള്ളവരും സുരക്ഷിതത്വബോധരുമാക്കി. "ഞാന്‍ നിനക്കും നീ എനിക്കും" എന്നത് പങ്കജാക്ഷക്കുറുപ്പിന്റെ അയല്‍ക്കൂട്ടത്തിന്റെ അടിസ്ഥാനസങ്കല്‍പ്പമാകുന്നത് അതുകൊണ്ടുതന്നെയാണ് . പൊതുസമൂഹത്തിന്റെ സാമൂഹിക ബോധനത്തില്‍ നിന്നും ഒറ്റപ്പെട്ട വ്യക്തികളാക്കപ്പെട്ടവരിലൂടെയാണ് സങ്കര്‍ഷങ്ങളും അസ്വസ്ഥകതകളും പടര്‍ന്നത്. ഓരോ പൊതു ഇടങ്ങളും ഓരോ തിരുത്തല്‍സാധ്യതകളാണ്. അതുകൂട്ടായ ആലോചനകള്‍ക്കും യുക്തമായ തീരുമാനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. വിവേകമില്ലാത്ത സാഹിത്യരചനകളെയും ഗൂഡാലോചന ചെയ്യപ്പെടുന്ന പാഠപുസ്തകളെയും വ്യാജം പറയുന്ന പ്രചാരണങ്ങളെയുമെല്ലാം ഈ പൊതു ഇടങ്ങള്‍ ചര്‍ച്ചചെയ്ത് അവഗണിച്ചു കളഞ്ഞേനെ. നമ്മുടെ സാമൂഹിക സമുദായ സൗഹാര്‍ദത്തിന് പൊതു ഇടങ്ങള്‍ വഹിച്ച പങ്ക് നിസാരമല്ല. ഇന്നത്തരം സാഹചര്യങ്ങളില്‍ ഇന്ന് ഒറ്റപ്പെട്ട മനുഷ്യരുമായി സംവദിക്കുന്നത് തത്വദീക്ഷ ഇല്ലാത്ത മാധ്യമങ്ങളും വിവേകത്തെ വികാരംകൊണ്ട് കീഴ്പ്പെടുത്തുന്ന മത-രഷ്ട്രീയ നേതക്കളുമായതോടെ പൊതു ഇടങ്ങളുടെ നിഷ്ക്കങ്കമായ പരിചരണത്തിനു വിധേയമാക്കപ്പെടാതെ അവ കലാപങ്ങള്‍ക്കും വഴിമരുന്നായി.
       
        മുന്‍പ് നമ്മുടെ ഗ്രാമ പരിസരങ്ങളില്‍ കണ്ടെടുക്കാമായിരുന്ന പൊതു ഇടങ്ങളുടെ സാധ്യതകളെല്ലാം പതിയെ പതിയെ ഇല്ലാതാവുകയാണ്. നിഷ്കളങ്കവും സത്യസന്ധവുമായ അടിസ്ഥാന പൊതു ഇടങ്ങളിലൊന്നായിരുന്ന നമ്മുടെ ചായക്കടകളുടെ അനുഭവം തരാന്‍ റെസ്റ്റോറന്റുകള്‍ക്ക് കഴിയുന്നില്ല. ഫ്ളോട്ടിംഗ് കസ്റ്റമേഴ്സിന്റെ വരവുപോക്കുകളും തൊഴില്‍, പഠന ആവശ്യങ്ങള്‍ക്കായി നഗരത്തിലേക്ക് കുടിയേറിപോകുന്നവര്‍ സൃഷ്ടിക്കുന്ന അഭാവവും ചേരുമ്പോള്‍ ചായക്കടകളില്‍ പൊതു ഇടം സൃഷ്ടിക്കുന്നില്ല.നഗരത്തോട് ഇണചേരാന്‍ ഗ്രാമം കൊതിക്കുന്നതിനിടയില്‍ ചായക്കടകള്‍ സംഘവര്‍ത്തമാനത്തിന്റെ ഇടം ഒരുക്കുന്നില്ല എന്നു പറയാം.
       
        നാട്ടിന്‍ പുറങ്ങളിലെ എന്നുമാത്രമല്ല  സമൂഹ പരിസരങ്ങളിലെ ഏതൊരു കളിക്കളവും പൊതു ഇടത്തിന്റെ    മൂര്‍ത്ത ഭാഗങ്ങളിലൊന്നായിരുന്നു. കളിക്കളങ്ങളുടെ തട്ടകങ്ങളില്‍  ഉതിര്‍ന്നുവീണ ഓരോ വിയര്‍പ്പുതുള്ളിയും അതിന്റെ പതിന്‍മടങ്ങായി പരിസരങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനം ചെയ്തു. മെഡിക്കല്‍ക്യമ്പായും രക്തദാനമായും വീടുപണിയായുമൊക്കെ. ശാരീരികവും മാനസികവുമായി കരുത്തുള്ള ഒരുതലമുറയെക്കൂടിയാണ് കളിക്കളങ്ങള്‍ വാര്‍ത്തെടുത്തത്.
            ഇന്ന് നമ്മുടെ ചെറുപ്പക്കാര്‍ കളിക്കളം മറന്ന് അവരുടെ സായാഹ്നങ്ങളില്‍  എവിടെയാണ് ? മദ്യക്കുപ്പികളുടെ കൂട്ടുമേശയില്‍ അനാരോഗ്യകരമായ പലതിനൊപ്പം,ചൂറ്റുപാടുകളിലെ ആപത്തുകള്‍ക്കും ആവശ്യങ്ങള്‍ക്കും നേരെ മനസടച്ച്...
            കളിക്കളങ്ങളായിരുന്ന പുറമ്പോക്കുകള്‍ പലരും കൈയടക്കി. ഭൂവുടമകള്‍ പറമ്പിന്റെ ഏതെങ്കിലുമൊരൊഴിവില്‍ പന്തുതട്ടാന്‍ കൊടിത്തിരുന്ന സൗജന്യം , ഭൂവിസ്തൃതി കുറഞ്ഞുവന്നവര്‍ പിന്‍വലിച്ചു കളഞ്ഞു. തുറന്നു  കൊടുക്കാം നമുക്കവരുടെ കളിക്കളങ്ങളെ..
             ഓരോ വായനശാലയിലും പബ്ലിക് ലൈബ്രറിയിലും ആര്‍ട്ട് ആന്‍ഡ് സപോര്‍ട്സ് ക്ലബിലും ഒന്നിച്ചിരുന്നവര്‍ വായനയ്ക്കും ചീട്ടുമേശയ്ക്കും ചെസ് ബോര്‍ഡുകള്‍ക്കുമപ്പുറം വലിയൊരു  പൊതുമണ്ഡലത്തെക്കൂടി സജീവമാക്കിയിരുന്ന. നാട്ടിന്‍പുറത്തെ യുവത്വം നഗരത്തിലേക്ക് കുടിയേറ്റമാരംഭിച്ചതോടെ അതും ക്ഷീണിച്ചു തുടങ്ങി. പിന്നെയും ശേഷിച്ചവരോ , ചൂറ്റുവട്ടത്തെ  കാമ്പുളള സൗഹൃദങ്ങള്‍ കണ്ടെടുക്കാനാകാതെ  ഓര്‍ക്കുട്ടിലും  ഫെയ്സ്  ബുക്കിലും  സംഘബലം  വര്‍ദ്ധിപ്പിച്ച്  നാലാം  ലോകം നിര്‍മ്മിക്കുന്നു. പൊതു  ഇടങ്ങള്‍  പ​ണിത  ഗ്രാമീണ  സംഘടനകള്‍  നടത്തിവന്ന  ഗുണപരമായ  ഒരുപാട്  കലാ  സാംസ്കാരിക  സാമൂഹിക  പ്രവര്‍ത്തനങ്ങളെ  സര്‍ക്കാരേതര  സന്നദ്ധസംഘടനകള്‍  ഏറ്റെടുത്തിരിക്കുന്നു."എന്തൊക്കെയോ  നടക്കന്നുണ്ട്, ആരും  സത്യം  പറയുന്നില്ല"  എന്ന്  കവി  പറഞ്ഞതുപോലെയാണ് അവയുടെ  കാര്യങ്ങള്‍. മണമുണ്ടെങ്കിലും   ഗുണമില്ല എന്നു  തോന്നിപ്പോകുന്നു. ഗ്രാമോത്സവങ്ങള്‍  ഗ്രാന്റ്  കേരള  ഷോപ്പിംഗ്  ഫെസ്ററിന്  വഴിമാറി.അങ്ങനെ  വിപണിയ്ക്കുവേണ്ടി  പുതിയ  ഇടങ്ങള്‍  സൃഷ്ടിക്കപ്പെടുകയും  പൊതു  ഇടങ്ങളുടെ  അപനിര്‍മ്മാണം  നടക്കുകയും  ചെയ്തു.
             പള്ളിക്കൂടത്തിലേയ്ക്കുള്ള  വഴിയാത്ര  നിര്‍മ്മിച്ചിരുന്ന  പൊതു  ഇടങ്ങള്‍  സ്കുള്‍ബസിലൂടെ  പിന്‍വലിക്കപ്പെട്ടു.സംഘബോധത്തിന്റെ  ബാലപാഠങ്ങള്‍  ഇനി  ഏതു  തെരുവില്‍  അഭ്യസിക്കും?  ശേഷിക്കുന്ന  ഓലപ്പന്ത്  കളിക്കളങ്ങളിലേയ്ക്ക് ,  ക്ഷണപത്രമുള്ള  ശനിയും  ഞായറും കുട്ടികളില്‍  നിന്ന്  കവര്‍ന്നെടുക്കപ്പെട്ടു.അവധിക്കാലം  പണ്ടേ  നഷ്ടപ്പെട്ടവര്‍ക്ക്  അവധി  ദിനങ്ങളും  ഇനി  മറക്കാം.പിന്നെന്തു  പൊതു ഇടം?മുതിര്‍ന്നവരുടെ  സാമൂഹിക ഒത്തുചേരുകളുടെ ഔപചാരികതകളില്‍  നിന്നും ഒറ്റയ്ക്കൊറ്റയ്ക്കു  പിച്ചവെച്ച്  തെന്നിമാറി ,  പുറത്തെവിടെയോ  തങ്ങളുടേതായ  പൊതുഇടം  നിര്‍മ്മിക്കുന്ന  കുഞ്ഞുങ്ങളുടെ  നിഷ്കളങ്ക  സംഘബോധം  മാത്രം  ബാക്കിയാകുന്നു.
               കള്ളുഷാപ്പെന്ന  പൊതു  ഇടത്തെ  സമകാലിക  സാമൂഹിക  സാഹചര്യത്തില്‍  ചില  വ്യത്യസ്ത  വിചാരങ്ങളിലൂടെയേ  വ്യാഖ്യാനിക്കാനാകൂ. മനോവിചാരങ്ങളുടെ  നൂല്‍ക്കെട്ടുകള്‍ തീര്‍ത്തും ദുര്‍ബലമായ ഒരുപറ്റം  ആളുകളും  പൊട്ടിത്തെറിക്കാന്‍   വെമ്പിനില്‍ക്കുന്ന  അവരുടെ  അന്തര്‍ സംഘര്‍ഷങ്ങളും. ലഹരിയുടെ  അളവുതോതുകള്‍   കായികശേഷിയുള്ളവര്‍ക്കു  പോലും  സ്വയം  നിര്‍ണയിക്കാനാവാത്ത  കാലഘട്ടത്തില്‍   ഷാപ്പെന്ന  പൊതു  ഇടം ഒരു  സാമൂഹിക  സാംസ്കാരിക  പരിചരണത്തിലൂടെ  ക്രമഭംഗം  വരുത്തപ്പെട്ടവരുടെ  താവളമാക്കപ്പെട്ടിരിക്കുന്നു.
               മുന്‍പ് 'പൊതു' എന്നു നിര്‍വ്വചിക്കാനാവുമായിരുന്ന പലതും ഇന്നും മുന്‍പത്തെക്കാള്‍ കരുത്തോടെ നിലനില്‍ക്കുന്നുണ്ട്. എങ്കിലും അതില്‍ പൊതുവായി ഇടപെടാനും അനുഭവിക്കാനുമാവാതെ വരുന്നു. മതവും  രാഷ്ട്രീയവും അങ്ങനെ ചിലതാണ്.  സംഘജീവിത ക്രമത്തിലെവിടെയോ പൊതുവിചാരങ്ങളുടെമേല്‍, വിപരീതമായി ഇടപെട്ടുകൊണ്ട് മത-രാഷ്ട്രീയ-ജാതിസംഘടനങ്ങള്‍, കുടുംബങ്ങളെയും വ്യക്തികളെയും പ്രത്യേക പ്രാര്‍ഥനകള്‍ക്കും പരിചരണങ്ങള്‍ക്കും വേണ്ടി കൂട്ടിച്ചേര്‍ത്തു. അത്തരം ഇടങ്ങളിലെ സ്നേഹവിരുന്നുകളില്‍ അയല്‍വാസിയുടെ സ്നേഹബന്ധം സ്വാഗതം ചെയ്യപ്പെട്ടില്ല. പിന്നീടെപ്പോഴോ 'അവരുടെ' കൂട്ടപ്രാര്‍ത്ഥനകളില്‍ 'മറ്റവര്‍ക്ക്' അസഹിഷ്ണുതയായി. ഇങ്ങനെ പൊതു ഇടങ്ങളുടെ അതിദൃഢമായിരുന്ന ഇഴയടുപ്പുങ്ങള്‍ക്കുമേല്‍ രാസദ്രവ്യങ്ങള്‍കൊണ്ട് ക്ഷാളനം നടന്നു. ആരാധനാലയങ്ങളില്‍ നാം കണ്ട പൊതു ഇടങ്ങള്‍ പക്ഷേ ഔപചാരികതയുടെ പ്രദര്‍ശനങ്ങളിലേക്ക് പരിമിതപ്പെട്ടു. അവിടെ സ്വാഭാവിക മുന്‍കൈകള്‍ സാധ്യമാവാതെയും നടത്തിപ്പും നിയന്ത്രണവും കേന്ദ്രീകൃതമാവുകയും ചെയ്തു. ‌
                 ആദര്‍ശനിഷ്ഠമായ രാഷ്ട്രീയ പ്രവര്‍ത്തനം ബലമുള്ള പൊതു ഇടമായിരുന്നു നമുക്ക്. എന്നാല്‍ ഇന്ന് പ്രവര്‍ത്തനവും പ്രചരണവും പ്രകടനവുമൊക്കെ അങ്ങ് അടിത്തട്ടില്‍ , വാര്‍ഡ് കമ്മറ്റികളിലെത്തുന്ന പണത്തിന്റെയും മദ്യത്തിന്റെയും തോതനുസരിച്ച് നിര്‍ണ്ണയിക്കപ്പെട്ടു. പൊതു വിചാരങ്ങള്‍ക്കപ്പുറം തന്‍കാര്യസാധ്യമെന്നത് പ്രവര്‍ത്തകന്റെയും സ്വകാര്യകമ്പനി കണക്കെയുള്ള പാര്‍ട്ടി മാനേജരുടെയും ലക്ഷ്യമായി. രാഷ്ട്രീയത്തിന് പൊതു ഇടം ആവേണ്ടതേയില്ലെന്നും വന്നു.
       
                കാര്‍ഷികമേഖലയില്‍, മുന്‍പ് മാറ്റാള്‍ പണിയും പൂണ്ടന്‍കിളയും കാര്‍ഷികാഘോഷങ്ങളുമൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ സംഘബോധം കര്‍ഷകനെ എങ്ങനെയൊക്കെ മുന്നോട്ടുകൊണ്ടു പോയോ അവിടെനിന്നൊക്കെയുള്ള പിന്‍മാറ്റം അയാളെ കാര്‍ഷികവൃദ്ധിയില്‍ നിന്നു തന്നെ പിന്നോട്ടുകൊണ്ടുപൊയി. കൃഷിക്കാരന്റെ കൂട്ടുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ പ്രതിരോധിക്കേണ്ടതിനെയും പ്രതിഷേധിക്ക​ണ്ടതിനെയുംപറ്റി, തിന്നേണ്ടതിനെയും ഉടുക്കേണ്ടതിനെയും പറ്റി , വിത്തിനെയും വിപണിയെയുംപറ്റി, കുട്ടികളെയും കെട്ടിയവളെയുംപറ്റി ചര്‍ച്ചകളുണ്ടായി..തീരുമാനങ്ങളുണ്ടായി. അത്തരം പൊതു ഇടങ്ങള്‍ നല്‍കിയ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും മുന്നേറ്റങ്ങളും ഓര്‍മ്മയിലേക്കൊതുങ്ങി.
       
        കുടുംബമെന്ന പൊതു ഇടം അപനിര്‍മ്മിക്കപ്പെട്ടു തുടങ്ങിയതും ഇവിടെനിന്നൊക്കെത്തന്നെയാണ്.അപ്പനും അമ്മയും മക്കളുമൊക്കെ ചേര്‍ന്ന് ചവിട്ടുന്ന പ്രതലങ്ങള്‍ അകന്നകന്നുപോയി. കൂട്ടു പ്രാര്‍ത്ഥനയും കൂട്ടു ഭക്ഷണവുമില്ല. പല രാജ്യങ്ങളില്‍ നിന്നായി സ്കൈപ്പിലും ഗൂഗിള്‍ ടോക്കിലും യാഹു മെസഞ്ചറിലുമായി തീര്‍ക്കപ്പെടുന്ന പൊതു ഇടങ്ങളില്‍ കൗതുകമേറുമെങ്കിലും കരുത്തില്ല.വൃദ്ധമന്ദിരങ്ങളില്‍ പൊതു ഇടങ്ങളുടെ പുത്തന്‍ വേഷ പകര്‍ച്ച കാണാനാകുന്നുണ്ടാകും. ചിലതു നിഷേധിക്കപ്പെടുകയും അന്യം നില്‍ക്കുകയും ചെയ്യുമ്പോള്‍ മറ്റു ചിലതു രൂപപ്പെടുന്നു എന്നു കരുതാം.
          വീട്ടകങ്ങള്‍ ടെലിവി‍ഷന്‍ പ്രേക്ഷകരുടെ നിശ്വാസ നെടുവീര്‍പ്പുകളാല്‍ നിറഞ്ഞ പ്രദര്‍ശനശാലപോലെയായി. പൊതു ഇടങ്ങളെ ഉപേക്ഷിച്ച് കാഴ്ച്ചക്കാരായി നടക്കാന്‍ മനു‍ഷ്യനെ പഠിപ്പിച്ചതില്‍ ടെലിവിഷന്‍ പങ്കുണ്ടെന്ന വാദം ശക്തമാണ്. ഒഴിവുവേളകള്‍ ടി.വി. സീരിയലുകള്‍ ആക്കിക്കഴിഞ്ഞ ഒരു ജനത സാംസ്കാരികമായി പിന്‍വാങ്ങിക്കഴിഞ്ഞ ഒരു ജനതയാണെന്ന് (സിവിക് ചന്ദ്രന്‍) പറയും പോലെതന്നെ അതിന്റെ തുടര്‍ച്ചയാണ് സാംസ്കാരികമായി പിന്‍മാറിക്കഴിഞ്ഞ ഒരു സമൂഹത്തിന് പൊതു ഇടങ്ങളെ തിരിച്ചറിയാനാവില്ല എന്നതും. നമ്മുടെ കുട്ടികള്‍ നമ്മുടേതല്ലെന്നും അവര്‍ ടി.വി. പെറ്റുവളര്‍ത്തുന്ന മക്കളാണെന്നും (സിവിക്) പറയുന്നതിനിടയില്‍ ചില വിശദീകരണങ്ങളുണ്ട്. അച്ചന്റെ തോളിലിരുന്നും വിരല്‍ത്തുമ്പ് പിടിച്ചും യാത്ര ചെയ്യുന്നതിനെക്കാള്‍, വിദ്യാലയത്തിലെ ചോക്കിനും ചൂരലിനും കീഴിലെന്നതിനെക്കാള്‍, കൂട്ടുകാര്‍ക്കൊപ്പം തൊടിയിലും മൈതാനത്തും തെരുവിലും എന്നതിനെക്കാള്‍ നമ്മുടെ മക്കള്‍ ടി. .വി.യുടെ മുന്‍പില്‍ ചടഞ്ഞിരിപ്പാണ്. നമ്മുടെ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ അതിനു മുന്‍പിലുണ്ട്. പിന്നെന്ത് പൊതു ഇടം ? പൊതുബോധം, തെരുവിന്റെ സംഘതാളം എന്നേ നഷ്ടമായിരിക്കുന്നു.

        വീടിന്റെ പരിസരം നിര്‍മ്മിച്ചിരുന്ന പൊതു ഇടങ്ങള്‍ ഓര്‍മ്മിക്കുന്നുവോ ? കൊടുക്കല്‍ വാങ്ങലുകളുടെയും കാര്യക്ഷേമാന്വേഷണങ്ങളുടെയും അനുഭവങ്ങളില്‍ നിന്ന് അപരിചിതത്വത്തിന്റെയും സ്വന്തമാക്കി അഭിമാനിക്കലിന്റെയും സ്വകാര്യതകളിലേക്കുള്ള പിന്‍മാറ്റം നടന്നു കഴിഞ്ഞു. പൊതു ഇടങ്ങളിലെ കൂട്ടായ ഉപയോഗം മിതവ്യയത്തിന്റെയും സ്വാശ്രയത്തിന്റെയും ഗാന്ധിയന്‍ സങ്കല്‍പ്പങ്ങളെയാണ് പ്രയോഗത്തിലാക്കിയത്. ഉപകരണങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും കൂട്ടായ ഉപഭോഗം, അവയുയെ സമാഹരണവും സംരക്ഷണവും പൊതു ഉത്തരവാദിത്വങ്ങളാവുന്നതും മത്സര ബദ്ധിയില്ലാത്ത കൂട്ടുപയോഗവും വിപണിയെ പൊതു ഇടങ്ങളില്‍ അത്ര പ്രസക്തമാക്കിയില്ല. പൊതു ഇടങ്ങള്‍ ഇല്ലാതാകുന്നതും വ്യക്തികള്‍ രൂപപ്പെടന്നതും വിപണിയുടെ കൂടി പ്രവര്‍ത്തനമാവുന്നതവിടെയാണ്.

        പങ്കജാക്ഷകുറുപ്പ് അയല്‍ക്കൂട്ടങ്ങളിലൂടെ ലക്ഷ്യമിട്ടത് പൊതു ഇടങ്ങളുടെ മൂര്‍ത്തഭാവമാണ്. സ്വാഭാവികമായി രൂപപ്പെടുക എന്നതായിരുന്നു അതിന്റെ സാമൂഹിക ധര്‍മ്മം. എന്നാല്‍ പലപ്പോഴും കുറുപ്പുസാര്‍ അതിനെ രൂപപ്പെടുത്തുകയായിരുന്നു. അതിനെ ശരിയായ ഒന്നായി തിരിച്ചറിയുമ്പോഴും  അങ്ങനെയൊരു പൊതു ഇടമായിത്തീരുവാന്‍ ആളുകള്‍ മടിച്ചു. പൊതുവായിത്തീരാന്‍ പ്രേരിപ്പിക്കാത്തവിധം അപ്പോഴേയ്ക്കും സാമൂഹിക സാഹചര്യങ്ങള്‍ അവരെ പൊതുവില്‍നിന്ന് വ്യക്തിയിലേയ്ക്കും കുടുംബത്തിലേയിക്കും മാറ്റിയിരിക്കുന്നു.

        പൊതു ഇടങ്ങള്‍ സാധ്യമാക്കിയ മുന്‍ കൈകളോളം വരില്ല ഇവിടുത്തെ മുഖ്യധാരാ പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്കു കഴിഞ്ഞത്. അത്രയേറെ ജാഗ്രതയുണ്ടായിരുന്നു പൊതു ഇടങ്ങള്‍ക്ക് സാമൂഹികക്ഷേമത്തില്‍. അത്തരം മുന്‍ കൈകളിലൂടെ ഒത്തിരി പെണ്ണുങ്ങളെ കെട്ടിച്ചയച്ചു. ഒത്തിരി പേരെ ചികത്സിച്ചു. അതിലേറെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. അതിന് വിവരശേഖരണഫാറങ്ങളും സര്‍വ്വേകളും ഒന്നും വേണ്ടിവന്നില്ല. ഇന്ന് അയല്‍വാസിയുടെ ഹൃദയശസ്ത്രക്രിയ പത്രത്തിലെ സഹായാഭ്യര്‍ത്ഥനയിലൂടെ അറിയുകയും പത്രമാനേജരുടെ അക്കൗണ്ട് കയറിയിറങ്ങി നമ്മുടെ പണം അയല്‍പക്കത്തെത്തുകയും ചെയ്യുംവിധം പൊതു മുന്‍കൈകള്‍ അവസാനിച്ചു. ഇനി അതല്ല, നാട്ടിലെ ഒടുങ്ങിപ്പോകാത്ത നന്മകളുമായി ചില ചെറുപ്പക്കാര്‍ ഇറങ്ങിത്തിരിച്ചാലാകട്ടെ അവരുടെ നേര്‍ക്ക് പരിഹാസം ചൊരിയാന്‍ മാത്രം കനപ്പെട്ടുപോയി സമൂഹമനസ്സ്. (ഇതിനെല്ലാം അപവാദമായി കണ്ണ് നനയിക്കുന്ന സാമൂഹിക ബോധത്തിന്റെയും മുന്‍കൈകളുടെയും ചില അനുഭവങ്ങള്‍ നമുക്കിടയിലുണ്ട്. അവതരണ വിഷയത്തിലെ ഗൗരവം ചോര്‍ന്നു പോവാതിരിക്കാന്‍ മുഖ്യവിഷയാവതരണത്തില്‍ അവയെ തമസ്കരിക്കേണ്ടി വരുന്നു എന്നുമാത്രം.)

       അപകടങ്ങളിലും ആവശ്യങ്ങളിലും മുന്‍പ് വളരെ പെട്ടന്നു രൂപമെടുത്തിരുന്ന പൊതു ഇടങ്ങള്‍ ഇന്ന് ഒഴിഞ്ഞുമാറുന്നവരുടെയും ഭയപ്പെടുന്നവരുടയും മൊബൈല്‍ ദൃശ്യാവിഷ്കാരികളുടെയും ചിതറപ്പെട്ട മനോവിചാരങ്ങള്‍കൊണ്ട് അന്യം നിന്നു.

        ആകെപ്പാടെ പൊതു ഇടങ്ങളെല്ലാം നശിച്ചുപോയെന്ന പ്രതീതി ഈ പറച്ചില്‍ രീതിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. തീര്‍ത്തും നിരാശപ്പെടുത്താത്ത വിധമെങ്കിലും അവകള്‍ അവിടെ ഇവിടെയൊക്കെയുണ്ട്. എന്നാല്‍ പൊതു ഇടങ്ങള്‍ കുറയുന്ന കാര്യത്തില്‍ പണപ്പെരുപ്പിന്റെ ഏറ്റക്കുറച്ചിലുകളെക്കാള്‍ ഉത്കണ്ഠയുണ്ടാകേണ്ടതുള്ളകൊണ്ട് ചില മുന്‍കരുതലുകള്‍ക്കും മുന്‍കൈകള്‍ക്കും വേണ്ടിയുള്ള ശ്രമം എന്നേയുള്ളൂ.

        തൊഴില്‍ മേഖലയില്‍ കുറെയങ്കിലും പഴക്കമുള്ള പൊതു ഇടങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നത് ആശ്വാസം. റസിഡന്‍ഷ്യല്‍ അസ്സോസിയേഷനുകള്‍ പുത്തന്‍ പൊതു ഇടങ്ങളാണ്. (കള്ളനെ ഭയപ്പെട്ടിട്ടാണെങ്കിലും ) കരുത്താര്‍ജ്ജിക്കുന്ന നിരവധി സമരമുഖങ്ങളും പൊതു ഇടങ്ങളുടെ പുതുരൂപം തന്നെ. ഓര്‍ക്കുട്ടും ഫെയ്സ് ബുക്കും പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളെയും ഒരു വിധത്തില്‍ പൊതു ഇടങ്ങളുടെ ഗുണപരമായ നിര്‍മ്മാണമായി പുതിയ കാലഘട്ടത്തില്‍ അംഗീകരിക്കാവുന്നതേയുള്ളു.

   നമുക്കെന്താണ് ചെയ്യാനാവുക ? ആളുകളുടെ പൊതുബോധം, അതിലൂടെ വികസിക്കേണ്ട സന്നദ്ധതാ ബോധം, പാരസ്പര്യപരത ഇവകളിലൂടെ തിരിച്ചു പിടിക്കേണ്ട ഒന്നാണ് പൊതു ഇടം. ചിലതു തിരിച്ചെടുക്കാനാകാത്തവിധം നഷ്ടപ്പെട്ടിട്ടുണ്ട്. ചിലതു മൗലീകസ്വഭാവങ്ങളോടെയല്ലെങ്കിലും തിരികെകൊണ്ടുവരാവുന്നതും  മറ്റു ചിലതു അതേപടി തന്നെയോ  കൂടുതല്‍ മെച്ചമായോ നിര്‍മ്മിക്കാവുന്നതാണ്. സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളുടെ മാറ്റത്തെ ഉള്‍ക്കൊണ്ട് നമുക്ക് പരിചിതമല്ലാത്ത പൊതു ഇടങ്ങളുടെ പുത്തന്‍രൂപങ്ങളും ഉയിര്‍ക്കൊണ്ടേക്കാം. ഇത്തരം സാധ്യതകളിലൂടെയാണ് പൊതു ഇടത്തെ നാം ഇനിയും സമീപിക്കേണ്ടത്. പക്ഷേ അതിനുള്ള മുന്‍കൈകള്‍ സാധ്യമാകേണ്ടതും പൊതു ഇടങ്ങളില്‍ നിന്നുതന്നെയല്ലേ ? അവ എവിടെയാണ് ? അത് നാം ഇപ്പോള്‍ ചവിട്ടിനില്‍ക്കുന്ന പ്രതലം തന്നെയാണ്. ആദ്യം കാണുന്ന ആളോട് പുഞ്ചിരിച്ചുകൊണ്ട് തുടങ്ങുക. എന്നിട്ട് നമുക്കല്ലാവര്‍ക്കും ചേര്‍ന്ന് പുതുവത്സരം ആഘോഷിക്കാം.