Wednesday, February 9, 2011

എന്താ ഇതൊരാനകാര്യം തന്നെയല്ലേ...

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിന്റെ സയന്‍സ് ലാബില്‍ കടന്നു ചെല്ലുന്ന ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് അവിടെ ഒരു ഗജവീരനുണ്ട്. അസ്ഥികൂടമായാണ് അവിടെ നില്‍ക്കുന്നതെങ്കിലും ജീവിച്ചിരുന്ന കാലത്തെ തലയെടുപ്പും ഗാംഭീര്യവും ഇന്നും ദര്‍ശിക്കാന്‍ സാ‌ധിക്കും. ലഭിച്ചിരിക്കുന്ന വിവരമനുസരിച്ച് കേരളത്തില്‍ 2 സ്കൂളുകളില്‍ മാത്രമാണ് ആനയുടെ അസ്ഥികൂടം ഉള്ളത്. അതുകൊണ്ടു തന്നെ സെന്റ് ആന്റണീസിലെ ഈ കരിവീരനെ സ്കൂള്‍ അധികൃതര്‍ അമൂല്യമായി സൂക്ഷിക്കുന്നു.
       വര്‍ഷങ്ങളായി സ്കൂള്‍ ലാബില്‍ സൂക്ഷിക്കപ്പെടുന്ന ഈ അമൂല്യ സമ്പത്തിന്റെ ഭൂതകാലങ്ങളിലേക്ക് ഊളിയിടുകയാണ് റോയ് സാറും കൂട്ടരും. യാദൃശ്ചികമായുണ്ടായ ഒരന്വേഷണം ചെന്നെത്തിയത് വിസ്മയകരമായ അറിവുകളിലേക്കായികരുന്നു.
     
ലഭിച്ച അനുഭവങ്ങളും കേട്ട സംഭവങ്ങളും രസകരമായി ഇവിടെ റോയ് ജോസഫ് സാര്‍ അവതരിപ്പിക്കുന്നു. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ മുന്‍ അദ്ധ്യാപകനും ഇപ്പോള്‍ ഇടമറ്റം KTJM HS-ലെ അദ്ധ്യാപകനുമായ റോയി സാര്‍ പാലാ കിഴപറയാര്‍ സ്വദേശിയാണ്.

എന്താ ഇതൊരാനകാര്യം തന്നെയല്ലേ...
         
      ഹ..എന്തായിരുന്നു അന്നത്തെ പ്രതാപം നെറ്റി പട്ടവുമണിഞ്ഞ് വെഞ്ചാമരത്തിന്റെ കുളിര്‍ തെന്നലേറ്റ് ആലവട്ടങ്ങളുടെയും വെണ്‍കൊറ്റകുടകളുടെയും അകമ്പടിയോടെ ഭഗവാന്റെ തിടമ്പേറ്റിയുള്ള ആ ആന നട. ഭയഭക്തി ബഹുമാനങ്ങളോടെ ഭഗവാനെ വണങ്ങുന്ന ഭക്തജന സഹസ്രങ്ങളുടെ നോട്ടം എന്റെ മേലും പതിയുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ അന്നൊക്കെ എത്ര അഭിമാനമായിരുന്നു.തെല്ലൊരഹങ്കാരവും. വമ്പന്‍ മരത്തടികള്‍ തുമ്പികൈക്കും കൊമ്പിനുമിടയില്‍ ഉയര്‍ത്തി നടക്കുമ്പോഴുണ്ടാകുന്ന കഠിനമായ ക്ഷീണവും അടിമത്തത്തിന്റെ മനോവേദനയും വിസ്മരിക്കുവാന്‍ വല്ലപ്പോഴും ലഭിക്കുന്ന ആ ഉത്സവമേളം മാത്രം മതിയായിരുന്നു.
        ജനിച്ചകാടോ അച്ഛനമ്മമാരുടെ സ്നേഹലാളനങ്ങളോ ഇന്നെന്റെ  ഓര്‍മ്മയിലില്ല. അല്ലങ്കില്‍ത്തന്നെ ഞങ്ങള്‍ക്ക് എല്ലാകാടും സ്വന്തം വീടുതന്നെ. കാനനങ്ങള്‍ക്ക് അതിരുകളും വ്യത്യസ്തമായ പേരുകളും നല്‍കിയത്, എന്തിനുമേതിനും മതിലുകള്‍ സൃഷ്ടിക്കുന്ന മനുഷ്യന്‍ തന്നെയാണല്ലൊ. എതായാലും ഒരു ഒറ്റയാനാകാതെതന്നെ ഒറ്റപ്പെട്ടവാനായിരുന്നതിനാലാവും മനുഷ്യന്റെ ചതികുഴിയില്‍ ഞാന്‍ വീണുപോയതും, മാതാപിതാക്കള്‍ക്കും കൂട്ടാളികള്‍ക്കും അല്‍പ്പനാളത്തേക്കെങ്കിലും  വിരഹവേദനസമ്മാനിച്ചതും. കാട്ടാനയെ നാട്ടാനയാക്കുന്ന കര്‍ക്കശമായ പരിശീലനമുറകളിലൂടെ കടന്ന്, അനേകം കൈവശാവകാശക്കാരുടെ ലാളനങ്ങളും പീഢനങ്ങളുമേറ്റ് ഒടുവില്‍ ഞന്‍ എത്തിയത് വാത്സല്യ നിധിയായിരുന്ന ഒരു യഥാര്‍ത്ഥ ആനപ്രേമിയുടെ കൈയിലായിരുന്നു. തീക്കോയി ഗ്രാമത്തിലെ പ്രമാണിയായിരുന്ന കണ്ടത്തിന്‍കര കുഞ്ഞേട്ടന്റെ അരുമയായി തീരാനായത് എന്റെ സുകൃതം എന്നല്ലാതെ എന്തു പറയാന്‍.
        സംഭവബഹുലമായിരുന്ന ഒരു ജീവിതത്തിനൊടുവില്‍ 1970- കളുടെ പ്രാരംഭകാലത്ത് അനിവാര്യമായ ആ വിധി എനിയ്ക്കുണ്ടായി. നാട്ടുകാരെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ചെരിഞ്ഞ എന്നോടുള്ള സ്നേഹാധിക്യംകൊണ്ടാകണം, സാധാരണ മനുഷ്യര്‍ ചെയ്യാറുള്ളതില്‍ നിന്നും വിഭിന്നമായി എന്റെ പല്ലോ, നഖമോ  എന്തിന് കൊമ്പുപോലും ഇളക്കിയെടുക്കാതെ സ്വന്തം പുരയിടത്തില്‍ കുഞ്ഞേട്ടന്‍ എനിക്ക് കുഴിമാടമുണ്ടാക്കിയത്. മണ്ണിനടിയില്‍ അധികമാഴത്തിലല്ലാതെ പാറ കണ്ടതിനാല്‍ സ്ഥുലമായ എന്റെ നിര്‍ജ്ജീവദേഹം  മറവുചെയ്യാന്‍ കുഴിക്കുചുറ്റും കയ്യാല നിര്‍മ്മിച്ച് മണ്ണിട്ടു മൂടി. അക്ഷരാര്‍ത്ഥത്തില്‍ ഒരു അസ്ഥിത്തറ തീര്‍ക്കേണ്ടി വന്നു എന്റെ വളര്‍ത്തച്ഛന്.
        കഥ ഇവിടെയവസാനിക്കുമോ? ഇല്ല ഇനിയും പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടിവന്നു എന്റെ ആത്മാവിന്. മരണശേഷമുള്ള ആ കഥകള്‍ മറ്റൊരു നിലപാടു തറയില്‍ നിന്നാവാം.
     
        അക്കാലത്തും പൂഞ്ഞാറിന്റെ തിലകക്കുറിയായി പ്രശോഭിച്ചിരുന്ന സെന്റ് ആന്റണീസ് കലാലയത്തിലെ പ്രഥമാധ്യാപകന്‍ കര്‍ക്കശസ്വഭാവക്കാരനാണെങ്കിലും വളരെ ഉല്‍പതിഷ്ണുവായിരുന്ന ഹെര്‍മ്മനച്ചനായിരുന്നു. സ്കൂളിന്റെ പുരോഗതിയ്ക്കും കുട്ടികളുടെ നന്മയ്ക്കും
എന്തും ചെയ്യാന്‍ അച്ചന്‍ സന്നദ്ധനായിരുന്നു. വിദ്യാലയത്തിലെ കുട്ടികളുടെ പഠനാവശ്യത്തിനായി കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ അസ്ഥികൂടം കൂടി ഉണ്ടായാല്‍ നന്നായിരുന്നു എന്ന അദ്ധ്യാപകരുടെ ആഗ്രഹപ്രകാരം പൂഞ്ഞാറില്‍ ചെരിഞ്ഞ എന്റെ ഒരു സഹജീവിയുടെ ഉടമസ്ഥനെ അച്ചനും സംഘവും സമീപിച്ചെങ്കിലും അനുകൂലമായനടപടികള്‍ ഉണ്ടായില്ല. അപ്പോഴാണ് ആരോ എന്റെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.. ഞാന്‍ മണ്ണടിഞ്ഞിട്ട് അന്ന് ഒന്നര വര്‍ഷത്തിലേറെ ആയിരുന്നു. ഏതായാലും എന്റെ യജമാനന്‍, അനേകം തലമുറകളുടെ ശോഭനമായ ഭാവിക്ക്, എന്നോടുള്ള വാത്സല്യത്തെ മറികടന്ന്. പച്ചക്കൊടി വീശുകയും ചെയ്തു.
        സെന്റ് ആന്റണീസിലെ ചുറുചുറുക്കുള്ള അദ്ധ്യാപകരായിരുന്ന സി.എം വര്‍ക്കി, വി.വി വര്‍ക്കി, എന്‍.കെ.ജോസഫ് എന്നിവരോടൊപ്പം അനദ്ധ്യാപകരായിരുന്ന കുട്ടപ്പന്‍ ചേട്ടനും, ജോണ്‍ ചേട്ടനും, തൊടുവനാല്‍ ജോസഫ് ചേട്ടനും, കൊച്ചുപുരയില്‍ ജോസഫു ചേട്ടനും, ചാക്കോച്ചന്‍ ചേട്ടനും ഏതാനും സഹായികളുമായി എന്റെ അസ്ഥിമാടം പൊളിച്ചപ്പോഴും മാംസം പൂര്‍ണ്ണമായി അഴുകി അസ്ഥികള്‍ വേര്‍പെട്ട നിലയിലായിരുന്നില്ല. അസഹനീയമായ ദുര്‍ഗന്ധം സഹിച്ച് എന്റെ എല്ലുകള്‍ വീണ്ടെടുക്കാന്‍ അവര്‍ കാണിച്ച ശുഷ്കാന്തി പഴയകാല ഗുരുക്കന്‍മാരുടെ ആത്മാര്‍ത്ഥതയല്ലാതെ എന്താണ് വെളിച്ചത്ത് കൊണ്ടുവരുന്നത്
        ഒരു കാളവണ്ടിയിലാണ് ശേഖരിച്ച അസ്ഥികള്‍ അവര്‍ പൂഞ്ഞാറ്റിലെത്തിച്ചത്.കൊവേന്തയുടെ അടുത്തുള്ള കുളത്തിലെ വെള്ളത്തില്‍ അവ കഴുകി വൃത്തിയാക്കുന്നതിനു തന്നെ മൂന്നു ദിവസമെടുത്തു. ഇതെല്ലാം കണ്ടപ്പോള്‍ അഴുകുന്ന ശരീരം കൊണ്ടുപോലും ഞാന്‍ എത്രയോ പേരെ കഷ്ടപ്പെടുത്തുന്നു എന്ന ആത്മനിന്ദയാണ് എനിക്കാദ്യമുണ്ടായത്. എന്നാല്‍ അദ്ധ്യാപകര്‍ ഉടമസ്ഥനു കൈമാറിയ എന്റെ ലക്ഷണമൊത്ത കൊമ്പുകള്‍ക്കു പകരം മാധവപ്പണിയ്ക്കന്‍ നിര്‍മ്മിച്ചുനല്‍കിയ കൃത്രിമകൊമ്പുകളുമണിഞ്ഞ് , നാരായണപ്പണിയ്ക്കന്‍ രൂപകല്‍പ്പന ചെയ്ത ഇരുമ്പു ചട്ടക്കൂടിനുള്ളില്‍ വി.വി.വര്‍ക്കിമാഷിന്റെ നിര്‍ദ്ദേശാനുസരണം അദ്ധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് എന്റെ അസ്ഥികള്‍ വീണ്ടും ചേര്‍ത്ത് വെച്ചപ്പോള്‍ ഒരു പുനര്‍ ജന്മത്തിലൂടെ അനേകം ജിജ്ഞാസുക്കള്‍ക്ക് അറിവുപകരാന്‍ മരണ ശേഷവും എനിക്കു സാധിക്കുന്നല്ലോ എന്ന ചിന്തയാല്‍ എന്റെ ആത്മാവ് പുളകിതമായി. എനിയ്ക്ക് ഈ അനശ്വരത സമ്മാനിച്ച മഹാമനസുകള്‍ക്കു മുന്‍പില്‍ ഞാന്‍ എത്ര ചെറുതാകുന്നു
        എതാണ്ട് നാലുപതിറ്റാണ്ടുകള്‍ക്കിപ്പുറം സെന്റ് ആന്റണീസിന്റെ പരീക്ഷണശാലയില്‍, കുട്ടികളുടെ കലപിലകള്‍ നിത്യേന ശ്രവിച്ചുകൊണ്ട്, ഇടയ്ക്കൊക്കെ ലഭിക്കുന്ന അവരുടെ അത്ഭുതം നിറഞ്ഞ കടാക്ഷങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് എന്റെ ആത്മ സാന്നിധ്യമുള്ള അസ്ഥിപഞ്ജരം ഇപ്പോഴും സജ്ജീവമായി.... എന്താ ഇതൊരാനക്കാര്യം തന്നെയല്ലേ...

1 comment: